ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെ എൻഎസ്യുഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകരെ പൊലിസ് തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ദുഷ്യന്ത് ഗൗതമിന്റെ നിയമനം തടയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വിവാദ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും പ്രവർത്തകർ വ്യക്തമാക്കി. അതിനിടെ അങ്കിതയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ധർണ നടത്തിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമരത്തിൽ പങ്കെടുത്തിരുന്നു. വിവാദം ശക്തമായതോടെ ദുഷ്യന്ത് ഗൗതമിന്റെ നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
2022 സെപ്റ്റംബറിലാണ് ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടത്. കാണാതായി നാല് ദിവസത്തിന് ശേഷം കനാലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ റിസോർട്ട് ഉടമയും ബിജെപി നേതാവിന്റെ മകനുമായ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേർക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കൊലപാതകത്തിൽ ഒരു വിഐപിക്ക് കൂടി പങ്കുണ്ടെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ദുഷ്യന്ത് ഗൗതമിന്റെ പേര് ചർച്ചയായത്. തുടർന്നാണ് എൻഎസ്യുഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.